ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

ലോകാവസാനത്തോളം

 വീരാന്‍കുട്ടി
ഭാഷ അതിന്റെ അവസാനശ്വാസം 
എടുക്കാന്‍ തുടങ്ങുകയായിരുന്നു,
"ഞാന്‍ നിന്നെ സ്നേഹിക്കുന്നു"
എന്നാരോ പറഞ്ഞതും 
അതു വീണ്ടും മിടിച്ചുതുടങ്ങി,
ലോകാവസാനത്തോളം ചെല്ലാനുള്ള കുതിപ്പിനെ 
ഉപ്പൂറ്റിയില്‍ വഹിച്ചുകൊണ്ട്.

പേരില്ലാത്തത്

പവിത്രന്‍ തീക്കുനി  
മാര്‍ച്ച് മാസത്തിലെ
ഒരു വൈകുന്നേരമാണ്
ഞാനവളുടെ കണ്ണുകളില്‍
വായിച്ചത്
ഒരില 
അതിന്റെ
വേരിലേക്ക്
തിരിച്ച്
പോകുന്നത്.

പല്ല്


ശ്രീജിത്ത്‌ അരിയല്ലൂര്‍

എന്നുമിങ്ങനെ,
വെറുതേ 
തേച്ചുമിനുക്കിയിട്ടെന്തു കാര്യം...???

ചത്തതിനെയല്ലാതെ
ജീവനുള്ളതിനെയെന്നെങ്കിലും 
നീ ഇന്നേ വരെ 
തൊട്ടിട്ടുണ്ടോ...??? 

കടപ്പാട്

 പി.ആര്‍ .രതീഷ് 
കടപ്പാടുണ്ടെനിക്ക്
നിന്നോട്
ഒരു ജന്മം മുഴുവന്‍
കരയാന്‍ പഠിപ്പിച്ചതിന്.
ഇടയ്ക്ക് ഓര്‍ത്തുപോകുന്നത്
മറന്നിട്ടില്ലെന്നു
അടിവരയിടാനാണ്.

ആധാരം

 രാമചന്ദ്രന്‍ വെട്ടിക്കാട്ട് 
ലോക്കറിനകത്ത്
പണയാധാരങ്ങള്‍ .

പുറത്ത്
വഴിയാധാരങ്ങളും.

പൂവട്ടി

കാവനാട് രവി
മോഹങ്ങളെ
പുത്തനുടുപ്പിച്ചു
ഒരുക്കുമ്പോഴേക്കും
പൂവുകളൊക്കെ
ആരോ
പറിച്ചു പോയി

കിനാവിന്‍റെ
പൂവട്ടിനിറയ്ക്കാന്‍
വാടിക്കൊഴിഞ്ഞ
ഓര്‍മ്മപ്പൂക്കളെങ്കിലും
കിട്ടാതിരിയ്ക്കില്ല.

എപ്പൊഴും ബാക്കി വരുന്നത്

വി.ജയദേവ് 
നീ മറന്നുവച്ചതോ എന്തോ
ഒരു ഓര്‍മ
മാത്രമിവിടെ
ഒടുക്കം
അധികം വരുന്നു.

കണ്ണാടി


ഉമേഷ്‌ പീലിക്കോട് 
സത്യം മാത്രം 
വിളിച്ചുപറയുന്നതിനാല്‍ 
നിന്നെ
 

ആണിയടിച്ചു  ചുമരില്‍ തൂക്കി.

ട്രെന്‍ഡ് !!

ബിബിന്‍
ഓട്ടയില്ലാത്തൊരു  
കുടയുണ്ടായിരുന്നു 
ഒരിക്കല്‍ .
ഇപ്പൊ..
കീറിയ കുടയത്രേ ട്രെന്‍ഡ് !!

മറവി

പി എ അനിഷ്
എന്തെങ്കിലുമൊന്നു മറക്കും
എന്നും

പേന,വാച്ച്

ചെരിപ്പ്..
രാത്രിമടക്കത്തിന്
നിലാവടിക്കാനുളളത്..
എന്തിന്
കുപ്പായംപോലും മറന്നിട്ട്
ചെവിപൊത്തിയോടിയിട്ടുണ്ട്;

ഇന്ന്

എന്നെത്തന്നെ മറന്നുവച്ച്
യാത്രചെയ്യുന്ന ഞാന്‍.

ഇടവേളകള്‍

 ഫഹദ് ബഷീര്‍
കൊഴിഞ്ഞുപോവും മുന്നേ
ഇറുത്തുവെക്കാമായിരുന്നില്ലേ
നമ്മള്‍ നട്ടുനനച്ച
പടര്‍പ്പില്‍ നിന്നും
ഒരു മുല്ലപ്പൂവെങ്കിലും ?

കൂടുകള്‍

 സി.എസ്.രാജേഷ്
പറത്തുന്ന പട്ടമെല്ലാം 
പൊട്ടിച്ചുവിട്ടേക്കുക.
മഴവില്ലുകളിലെ 
യഥാനിറങ്ങളില്‍
നിശ്ചയമായും 
അവയ്ക്ക് കൂടുകളുണ്ട്.

ശലഭായനം

രമ്യ ആന്റണി 
നിന്റെയസാന്നിദ്ധ്യം 
ഏറെയസ്വസ്ഥമാക്കുന്നു..
 

പ്രണയലേഖനങ്ങള്‍ 
നീലനിറമുള്ള ശലഭങ്ങളാണ്‌...
 
എന്റെ ഗണിതപുസ്തകം; നിനക്ക്‌...
നിന്റെ ചുറ്റിനും
നൃത്തം ചെയ്യുന്ന
നൂറു ശലഭങ്ങള്‍ ...

കര്‍ക്കിടകം

ഷംസ് ബാലുശ്ശേരി

ദൂരെ മലമുകളില്‍ 
കലിയനും കലിച്ചിയും 
കോമരം തിമിര്‍ക്കുമ്പോള്‍ 
ഇടിമിന്നലാണ് മനസ്സില്‍ ,
അണക്കെട്ടിനും കടലിനും 
ഇടയിലാണ് എന്‍റെ ഗ്രാമം 
ഇന്നും ഉറങ്ങുന്നത് .

ശിഷ്ടം

നരേന്‍ 
ഇന്നലെ ഒരു ഉപ്പുപരലിലേക്ക് 
ഞാന്‍ ചെവി ചേര്‍ത്ത് വെച്ചപ്പോള്‍
ഒരു മത്സ്യത്തിന്റെ നിശ്വാസം കേട്ടു.
പണ്ടു കടലായിരുന്നപ്പോള്‍
അതിന്റെ മാറിലൂടെ തുഴഞ്ഞു പോയ
ഒരു മത്സ്യത്തിന്റെ പ്രണയത്തെ

ഓര്‍ത്തെടുക്കുകയാവണം 
അത്.

പകരം

 കെ.വി.സക്കീര്‍ഹുസൈന്‍
നിന്റെ ഓര്‍മ്മയ്ക്ക്
മഴചാറല്‍
കൊള്ളാതിരിക്കാനാണ്
ഞാനീ വെയിലത്തും
കുടപിടിച്ചു
നില്‍ക്കുന്നത്.

അമ്മ

സുനില്‍ ജോസ്
ഒറ്റക്കിരുന്നു 
ചിണുങ്ങുന്ന
കാറ്റിനെ
ഒക്കത്തിരുത്തി
ചിരിക്കുന്ന
പൂമരം.

ഛേദം

ദീപ ബിജോ അലക്സാണ്ടര്‍   
എത്രയോ നാളായി
ചോര വറ്റാതെ, 
മുറിവുണങ്ങാതെ, 
പാതിയറ്റുനില്‍പ്പാണ്‌ 
അറുക്കപ്പെട്ട ഞരമ്പുകള്‍ ... 

വിളറിവീഴും മുന്നേ, 
പഴുത്തുവിങ്ങും മുന്നേ
ഏറെ നൊന്തിട്ടെങ്കിലും
മുറിച്ചെറിയട്ടെയൊക്കെ ഞാന്‍‍...?

ധ്യാനം

ടി.എ.ശശി 
കണ്ട കാഴ്ച്ചകളെ തിരിച്ചെടുക്കുവാന്‍
കണ്ണുകളടയ്ക്കുന്നു
ഒച്ച വെച്ചു പോയ വാക്കുകളേ
മൗനത്തിന്റെ കൂടുണ്ടാക്കട്ടെ
തിരികെ കേറുമോ.

ഏകലവ്യന്‍റെ പെരുവിരല്‍

സി.പി.ദിനേശ് 
ക്വൊട്ടേഷനുണ്ട് മാഷെ
എന്ന ശിഷ്യന്‍റെ
കൊലവിളിയില്‍
ഒരു പെരുവിരല്‍
നെഞ്ചില്‍ പിടയുന്നു.

മോചനം

  എം. ആര്‍ .വിബിന്‍
ഉടച്ചു കളയുകയാണ്
ഞാന്‍ എന്റെ
കണ്ണാടിയെ.
നിന്റെ പ്രതിബിംബത്തെ
ഒന്നില്‍ നിന്ന്
അനേകമായി
മോചിപ്പിക്കാന്‍ മാത്രം.

മഴയുണ്ടോ

അനൂപ്‌.ടി.എം.
മഴയുണ്ടോ?
മഴയുണ്ടതിന്റെ
ബാക്കിയാണെന്നു തോന്നുന്നു
പുഴയിലൂടൊരു
പുരയൊലിച്ചു
പോകുന്നു..!!

അറിഞ്ഞതില്‍ പാതി

 നാസര്‍ കൂടാളി
 നിങ്ങളെല്ലാരും
കണ്ടതല്ലേ...അവളെന്ന
ഒറ്റമരത്തില്‍
തൂങ്ങിയാടുന്ന
ഞാനെന്ന വവ്വാലിനെ...

പങ്ക

 ഡോ.എം.പി.സലില
വേനല്‍ ചൂടില്‍
എന്നെ തുണച്ച
പങ്ക
കടക്കെണിയില്‍
അച്ഛന് തുണയായി.

പ്രണയം

 മനോജ്‌ മൊട്ടമ്മല്‍
ഋതുഭേദങ്ങള്‍മഞ്ഞായും
മഴയായുംപെയ്തിറങ്ങിട്ടും
ഞാന്‍കാണാതെപോയ
ഗ്രീഷ്മത്തിന്റെകണികകള്‍
നിന്‍റെകണ്ണിലാണ്
ഒളിച്ചിരുന്നത്......

സ്മാരകം

അഹമദ് മുഈനുദ്ദീന്‍
വലിയൊരു മുതലാളി
പുഴ വാങ്ങി.
മുറിച്ച് മറിച്ച് വിറ്റു.
വലിയ കഷ്ണങ്ങള്‍
ലോറിയില്‍ കയറ്റിപ്പോയി.
ഒപ്പം തണുത്ത കാറ്റും.
മറ്റൊരു കഷ്ണത്തില്‍
പുഴയെന്നു ബോര്‍ഡു വെച്ച്
റിസോര്‍ട്ട് പണിതു.
ബാക്കിയായത്
കുഴിവെട്ടി മൂടി.
കാല്‍ നനയാത്ത പാലം
പുഴയുടെ സ്മാരകമായി.

ശേഷിപ്പ്

 ഷാജി അമ്പലത്ത് 
വര്‍ഷങ്ങള്‍ക്കു മുന്‍പ് 
കേട്ടിരുന്നു 
ഒരു റെയില്‍വേ ട്രാക്കില്‍ 
അവളൊടുങ്ങിയെന്ന്.
ഇന്നലെ 
അവന്റെ 
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 
കാണുന്നത് 
പഴയ ഒരു 
റെയില്‍വേ ട്രാക്കും 
അഴുകി തീരാത്ത 
അവളുടെ ജഡവും.

പേപ്പര്‍മാര്‍ക്ക്

ധന്യാദാസ്
മറവിയുടെ
വഴിക്കണക്കുകള്‍
ചെയ്തുതീര്‍ക്കുമ്പോള്‍
കരുതിവെക്കണം
ജീവിച്ചിരുന്നതിന്
തെളിവായി
ഒരു പേപ്പര്‍മാര്‍ക്കെങ്കിലും.

നീ..

എസ്.കലേഷ്‌ 
പച്ചിലകളടര്‍ത്തിയെടുത്ത് 
നിന്റെ കണ്ണ് വരച്ചു.
ചീകിനേര്‍പ്പിച്ച വാഴനാരുകള്‍ കൊണ്ട്
മുടിയും.
നീ മനസ്സിലെത്തുന്ന നിമിഷങ്ങളിലെ
ശ്വാസം പകര്‍ന്നു മൂക്കും.
ചുംബനത്തിന്റെ തീരാത്ത ചൂടുകൊണ്ട്
ചുണ്ടും.
വയലിലെ കറുത്ത കളിമണ്ണ് കൊണ്ട്
നിന്റെ താടിയും മെനഞ്ഞു.
മഴക്കാലമേ,
തുടച്ചുകളയല്ലേ
എന്റെയീ ശില്‍പ്പത്തെ.

തണല്‍മരങ്ങള്‍

കൃഷ്ണ
പ്രണയവേനലില്‍  
കിനാക്കളുടെ തണല്‍മരങ്ങള്‍ . 
അവനും അവളും
വെയിലും നിലാവുമായി
ഇരുട്ടിനെ 
ഒളിച്ചോടിക്കൊണ്ടേയിരിക്കുന്നു .
അപ്പോഴെല്ലാം ഭൂമി 
ഒരു സൂര്യനെക്കൂടി
കൊതിച്ചുകൊണ്ടേ 
ഭ്രമണത്തിന്റെ 
വേഗം കൂട്ടുന്നു.

ഞാനാകുക

ബിനു.എം.ദേവസ്യ
ഇവിടിത്തിരി നേരമിരിക്കാം
ഇനിയൊത്തിരി കാര്യം പറയാം
ഇളംകാറ്റില്‍ സുഖം നുകരാം
ഉയരം വാനില്‍ ഇണക്കിളികളാകാം  
ഇമവെട്ടും നിന്‍ മിഴികള്‍ തന്‍
സ്വപ്‌നങ്ങള്‍ ഞാനെടുക്കാം
 ഈറന്‍ നിന്‍ കൂന്തലില്‍
കുടമുല്ലപ്പൂക്കള്‍ തൂകാം
ഇനിയെനിക്കേകണം ഹൃദയം,
നീ, ഞാനായിടേണം.

അമ്മയ്ക്ക്

ഡോണ മയൂര
കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...

അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം.

നിറം

മെര്‍ലിന്‍
നിന്‍റെ സ്നേഹത്തിന്‍റെ നിറം
വയലറ്റ്
ഞാന്‍ പറഞ്ഞു ചുവപ്പ്
പച്ച,നീല,മഞ്ഞ
നിറങ്ങള്‍ എത്രയോ  മാറി മാറി
പിന്നീടറിഞ്ഞു,
ചിലപ്പോള്‍ സ്നേഹത്തിനും
കണ്ണ് നീരിന്‍റെ നിറമാണെന്ന്...

കള്ളം

ഹാഫിസ് മുഹമ്മദ്‌ 
കറുത്ത ആകാശത്തിനു
തിങ്കള്‍ കൂട്ടിക്കൊടുത്തത് 
നീല നിലാവ്
 
നീല ആകാശത്തിനു
സൂര്യന്‍ കൂട്ടിക്കൊടുത്തത്
വെളുത്ത പകല്‍ .

മുറിവുകള്‍

പ്രേംജിത്ത് 
വെട്ടിമുറിച്ച   
പാടത്തുകൂടി 
നടക്കുമ്പോഴാണ്
നമുക്കിടയിലെ
വിടവുകളിലൂടെ
ചോരയൂറുന്നത്
ഞാന്‍ കണ്ടത്.

അക്ഷരത്തെറ്റ്

അനുജി കുരീപ്പള്ളി
പിന്നിട്ട വഴികളിലെ
ഇടറിയ പാദങ്ങള്‍ക്ക്,
ജീവിത പാഠത്തില്‍
കുന്നുകൂടിയ
അക്ഷരത്തെറ്റുകള്‍ക്ക്
എന്റെ ജീവന്റെ വിലയുണ്ട്.

പ്രണയത്തി അഥവാ ലവള്‍

ഉണ്ണി ശ്രീദളം

തീ ആയിരുന്നു അവള്‍ക്ക്‌
അതിനാല്‍ ഞാന്‍ പ്രണയത്തി എന്നു വിളിച്ചു
കത്തിക്കത്തി മടുത്തപ്പോഴോ എന്തോ
പ്രണയത്തി(ലവള്‍) കത്തിയാഴ്ത്തി.

ജീവന്റെ വില

ഗിരീഷ്‌.ആര്‍ .നായര്‍ 
 ജീവന്‍റെ വില തേടി ഒരു യാത്ര 
അവസാനിച്ചത്‌ കോഴിക്കടയുടെ മുന്നില്‍ 
ജീവനോടെ അറുപതു രൂപ ,
മരിച്ചാല്‍ നൂറു രൂപ ,
അവിടുന്ന് ഓടിയത് 
മെഡിക്കല്‍ കോളജിലേക്ക് 
അനാട്ടമി ലാബിന്‍ മുന്നില്‍ 
വലിയ  നിര ,
മരണം കാത്തു കഴിയുന്ന 
മാതാപിതാക്കള്‍ ഉണ്ട് വീട്ടില്‍ 
ഇപ്പോളെ ഒരു കൊട്ടേഷന്‍ കൊടുത്തേക്കാം 
മക്കള്‍ പ്രായം ആയി വരുന്നു 
സാമ്പത്തികമാന്ദ്യം ഇനിയും വരാം.

മാസ്ക്ക്

പി.വി.ദിലീപ്കുമാര്‍
കാപട്യങ്ങളുടെ
ആര്‍പ്പുവിളികള്‍ക്കിടയിലൂടെ
കുതിച്ചുപായുമീ
ജീവിതക്കാഴ്ച്ചകളില്‍
ഞാനും തിരയുന്നുണ്ടൊരു
മുഖാവരണം.
ആയുസ്സൊടുങ്ങുംവരെ 
ജീവിച്ചുതീര്‍ക്കേണ്ടേ..?

ശിഷ്ടം

സതീഷ്‌ സഹദേവന്‍
നിന്നെ പ്രണയിച്ച കാലത്ത് 
ഒരു വാഴ വെക്കാമായിരുന്നു
എന്ന് ഞാനൊരിക്കലും പറയില്ല .
തൂമ്പടഞ്ഞ
വാഴകളെനോക്കി വാവിട്ടുകരയുന്ന
അച്ഛനെയും
താലിച്ചരടില്‍ വായ്പ്പകള്‍ കെട്ടിയാടുന്ന 
അമ്മയെയും കണ്ടുകണ്ടാണ്
നിന്നെ ഞാന്‍ പ്രണയിച്ചത്‌ .

ദൂരം

സോണ ജി 
നന്ദി- എന്നത് 
ദ്വയാക്ഷരം .
നെറികേട് 
അതിന്റെ ഇരട്ടിപ്പും .
ഉപചാര പദത്തില്‍ നിന്നും
മോദം പൊഴിഞ്ഞടര്‍ന്ന് 
നെറികേടിലെത്താ-
നെത്ര ദൂരമെന്നറിയാതെ
ഞാനീ കവിതച്ചുവട്ടില്‍ 
ഇരുന്നോട്ടെ.... !

പരിണാമം

രാജേഷ് ചിത്തിര
രാഷ്ട്രീയം, സമുദായം എന്നൊക്കെ വെറുതെ,                                                                
വാലുവെന്ത നായെപ്പോലെന്ന് നാട്ടുകാര്‍,
നാ നടന്നാ ഫലവുമില്ല;നായീക്കിരിക്കാന്‍
നേരവുമില്ലെന്നു വീട്ടുകാര്‍,
പ്രണയം,പ്രണയമെന്നൊക്കെ പറഞ്ഞാലും
കുറ്റിയ്ക്കുചുറ്റും പയ്യെപ്പോലെന്ന് നീ,
നാല്‍ക്കാലിയില്‍ നിന്ന് 
ഇരുകാലിയിലെക്കെന്നെന്ന് ഞാന്‍.

നീ പറയാതിരുന്നത്

ജലാലുദ്ദീന്‍ 
ഇടവം ഇടിമഴ നിറഞ്ഞ നേരം 
മകരം മഞ്ഞുപെയ്ത രാവില്‍ 
നീ മണ്‍ചിരാതു  താഴ്ത്താതെ 
കാത്തിരുന്നത് 
ഞാന്‍ അറിഞ്ഞില്ലല്ലോ..

കഥയില്‍

മുള്ളുമരം 
പറയപ്പെടാത്ത ഒരുപാട് കഥകളുണ്ട്..
ആരൊക്കെയോ വിഴുങ്ങിയത്..
നാട്ടറിവില്‍ ഒലിച്ചു പോയത്..
നാടുകൂടത്താല്‍ തൂക്കിലേറ്റപെട്ടത് ..
മിത്തുകളില്‍ മുങ്ങിപോയത് ..
അങ്ങനെയങ്ങനെ..
ചരിത്രത്തില്‍ ചിതലരിച്ചു പോയ
ഒരു പാട് കഥയില്ലായ്മകള്‍ ..

തെളിവില്ലാത്തത്.

രഞ്ജിത്ത് രാജ് 
ഒരു നിമിഷത്തിന്റെ
സന്ദിഗ്ദതയില്‍  തുടങ്ങി
ഒരു ജന്മത്തിന്റെ
തീരാക്കറയില്‍ 
ഒടുങ്ങിയവനാണ്
നിനക്ക് ഞാന്‍ .

സന്ധ്യ.

മനു നെല്ലായ 
അല്ലെങ്കിലും, 
എല്ലാ സന്ധ്യകളും 
ഒരു പോലെയാണ്.
പകലിന്‍റെ ചിന്തകള്‍ക്കു മീതെ,
സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം 
വിതറി മടങ്ങും.
താമസിനെ പ്രണയിക്കും.,
പുണരും.,
ഒന്നാകും.

സൌഹൃദ കടങ്ങള്‍

ഹരിശങ്കര്‍ കര്‍ത്താ
ഒരിത്തിരി പുക
നാലഞ്ച് തെറി
തോളിലൊരു കയ്യ്
ഇതൊക്കെയാണ് 

സൌഹൃദത്തിന്റെ പുറം‌മോടികൾ.

ഒരോര്‍മ്മ

ഹാരിസ് എടവന
എഴുത്തിനെ ഓര്‍മ്മപ്പെടുത്തേണ്ടവളേ
നിന്നെ മറന്നതില്‍ പിന്നെയെന്നെ
എന്റെ കവിതകള്‍ മറന്നു
മറവിയുടെ മഞ്ഞുവീഴചയില്‍
ഞാനെന്ന കവിയുറങ്ങിപ്പോയതു
നീയറിഞ്ഞൂ കാണില്ല
നാലു കോളം ചരമക്കുറിപ്പില്‍
കവിതകളാത്മഹത്യ ചെയ്തന്നു
വായിച്ചാലോര്‍ക്കുക
ബസ്സു വരും മുന്‍പേ
ഒറ്റനോട്ടത്തില്‍
കണ്ടൊരോര്‍മ്മ മാത്രം ഞാന്‍.

വൈരുദ്ധ്യങ്ങള്‍

മനോജ്‌.എസ്.
ഒന്നും മറക്കാന്‍
കഴിയാഞ്ഞതാണ്
എന്‍റെ പരാജയം.
ഓര്‍ക്കാനുള്ളതൊക്കെ
മറന്നത്
നിന്റെ വിജയവും.

പറഞ്ഞ് പറഞ്ഞ്

ദിവ്യ രാജന്‍
പറഞ്ഞു പറഞ്ഞു
ഞാന്‍ സ്ഥാപിച്ചെടുത്തു 
എന്റെ ശരികള്‍ .
നീയൊഴികെയുള്ള
എല്ലാം.